തിമിംഗലത്തിന്റെ വായക്കുള്ളില്‍ അകപ്പെട്ട ഞണ്ടുപിടിത്തക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരികയിലെ മസചുസെറ്റ്‌സിലാണ് ഭയാനകമായ സംഭവം. മൈക്കിള്‍ പെക്കാര്‍ഡ് എന്ന ഞണ്ടുപിടിത്തക്കാരനാണ് താന്‍ നേരിട്ട അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
കടലിലേക്ക് എടുത്തു ചാടിയതും എവിടെയോ ചെന്ന് തട്ടിയതായി തോന്നി. വെള്ള സ്രാവുകള്‍ ആക്രമിക്കുകയായിരിക്കും എന്ന് ആദ്യം കരുതിയെങ്കിലും പെട്ടെന്നാണ് തിമിംഗലത്തിന്റെ വായിലാണെന്ന് മനസ്സിലായത്. "അതെന്നെ വിഴുങ്ങാന്‍ നോക്കുകയായിരുന്നു. എല്ലാം തീര്‍ന്നെന്ന് ഉറപ്പായി. ഞാന്‍ ഭാര്യയെയും മക്കളെയും ഓര്‍ത്തു. മരിക്കാന്‍ പോവുകയാണ് എന്ന ഭയത്തോടെ പത്തു മുപ്പത് സെക്കന്റ് നിന്നു", ആ നിമിഷങ്ങള്‍ 56കാരനായ മൈക്കിള്‍ ഓര്‍ത്തെടുത്തു.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം അതിരാവിലെ കൊഞ്ചുപിടിക്കാന്‍ ഇറങ്ങിയതായിരുന്നു മൈക്കിള്‍. ആഴക്കടലില്‍ ശാന്തമായ അന്തരീക്ഷമായിരുന്നു. സാധാരണ മട്ടില്‍ ഞാന്‍ കടലിലേക്ക് എടുത്തു ചാടിയതും മൈക്കിള്‍ എത്തിപ്പെട്ടത് തിമിംഗലത്തിന്റെ വായിലേക്കാണ്. ''ഞാന്‍ അകത്തുകിടന്ന് ഇളകിയതും തിമിംഗലം വെള്ളത്തിന് മുകളിലേക്ക് വന്ന് തലയൊന്ന് കുലുക്കി. പെട്ടെന്ന് ഞാന്‍ വായുവിലൂടെ കുതിച്ച് വെള്ളത്തിലേക്ക് വന്നുവീണു. വിശ്വസിക്കാനായില്ല, ഞാന്‍ രക്ഷപ്പെട്ടിരിക്കുന്നു'', മൈക്കിള്‍ പറയുന്നു.
അടുത്തുള്ള ഫിഷിങ് ചാര്‍ട്ടറിലേക്ക് പോകുകയായിരുന്ന കാപ്റ്റന്‍ ജോ ഫ്രാന്‍സിസും സംഘവും ഇതിന് സാക്ഷികളാണ്.
