പെൻഷനും എന്റെ ടെൻഷനും
പറയാതെ " പോയാൽ ".....
60 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും പതിനായിരം രൂപ പെൻഷൻ ലഭ്യമാകാൻ വേണ്ടി ഇടപെടലുകൾ നടത്തുക എന്ന ലക്ഷ്യവുമായി ഏകദേശം ഒന്നര കൊല്ലം മുമ്പ് കേരളത്തിൽ രൂപീകൃതമായ ഒരു സാമൂഹ്യ സംഘടനയാണ് OIOP. " ഒരേ ഒരിന്ത്യ ഒരൊറ്റ പെൻഷൻ " എന്നതാണ് സംഘടനയുടെ പ്രധാന മുദ്രാവാക്യം. ആപേക്ഷികമായി ജീവിത നിലവാരവും വില സൂചികയും കുറഞ്ഞ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പതിനായിരം രൂപ എന്നത് അധികമായിപ്പോയി എന്ന പക്ഷമുണ്ടെങ്കിലും കേരളത്തിൽ ഈ സംഖ്യ ഇന്നത്തെ സാഹചര്യത്തിൽ അന്യായമൊന്നുമല്ല.
സമൂഹ മാധ്യമങ്ങൾ വഴിയായിരുന്നു ആദ്യ ഘട്ടത്തിൽ പ്രചരണം. ഏറെക്കുറെ ഇപ്പോഴും തത്സ്തിഥിക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സംഘടനയുടെ വാട്സ്ആപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ലക്ഷക്കണക്കിനാളുകൾ കണ്ണിയായിട്ടുണ്ട്. ഇവരെല്ലാം ഈ സംഘടനക്ക് കണ്ണും ചിമ്മി പൂർണ്ണ പിന്തുണ നൽകുന്ന വരാണ് എന്ന് വിശ്വസിക്കുന്നത് മൗഢ്യമാണ്.
ഉദാഹരണത്തിന് ലിങ്ക് വഴി രൂപീകൃതമായ ഇരുനൂറ് പേരുള്ള പഞ്ചായത്ത് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇരുപത് പേർ പോലും സജീവസാന്നിധ്യം അറിയിക്കാറില്ല. ഒരു വീട്ടമ്മ ഒരു കേക്ക് നിർമ്മിക്കുന്നതോ, മറ്റെന്തെങ്കിലും പാചക നൈപുണ്യമോ യുട്യൂബിൽ അപ്‌ലോഡ് ചെയ്താലും ചിലപ്പോൾ ലക്ഷക്കണക്കിന് വ്യൂവേഴ്‌സും ഫോളോവേഴ്‌സും ഉണ്ടാകാറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സംഘടനയുടെ ശക്തി വിലയിരുത്താൻ സമൂഹ മാധ്യമ പിൻബലം അളവുകോലാക്കുന്നത് യുക്തി രഹിതമാണ്.
ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആധാരശിലകളിലൊന്നാണ് വാർത്താ മാധ്യമങ്ങൾ. മലയാള മനോരമ അടക്കമുള്ള മലയാള പത്രങ്ങളെ ബഹിഷ്കരിച്ചത് മണ്ടത്തരമായി . മെമ്പർഷിപ്പ് അടിച്ചിറക്കുന്നതിന് മുമ്പേ ത്രിതല പഞ്ചായത്ത് - മുനിസിപ്പൽ - കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് മറ്റൊരു അബദ്ധമായിപ്പോയി . പ്രാദേശിക സർക്കാറുകളിൽ അധികാര ലബ്ധി മൂലം എല്ലാവർക്കും തുല്യ പെൻഷൻ പതിനായിരം നടപ്പാക്കാൻ എങ്ങിനെയാണ് സാധിക്കുക?
ഇതിനിടയിൽ നമ്മുടെ സംഘടന സമാനമായ വിവിധ പേരുകളിൽ അര ഡസനോളം ഗ്രൂപ്പുകളായി വേർപിഞ്ഞു. കേവലം ഒരു വയസ്സ് പ്രായമായപ്പോഴേക്കും ഇത്രയേറെ പിളർപ്പ് നേരിട്ട മറ്റൊരു സംഘടനയും മലയാള മണ്ണിലില്ല. ഇതൊക്ക വിരൽ ചൂണ്ടുന്നത് നേതൃത്വത്തിന്റെ വിശ്വാസ്യതയിലേക്കാണ് എന്ന് അണികൾ സന്ദേഹിച്ചാലതിലെന്താണ് തെറ്റ്? വീട്ടുവീഴ്ചാമനസ്ഥിതിയും അനുരഞ്ജന നയതന്ത്രവും ഐക്യ ബോധവും മറന്നുപോകുന്ന നേതൃത്വത്തിന്, ജനസംഖ്യയുടെ 97 ശതമാനം വരുന്ന അസംഘടിതരോട് ഐക്യപ്പെടാൻ ആഹ്വാനം ചെയ്യാൻ എന്ത് ധാർമികതയാണുള്ളത്?
" ഇതൊരു രാഷ്ട്രീയ പാർട്ടിയല്ല " എന്ന് പറഞ്ഞാണ് നമ്മൾ സംഘടനയിലേക്ക് ആളുകളെ ചേർത്തത്. ഞാനടക്കമുള്ള ഭൂരിപക്ഷം ആകർഷിക്കപ്പെട്ടതും അണി ചേർന്നതും അതുകൊണ്ടാണ്. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത നമ്മുടെ ( വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് - KNR/CA /281/2020 ) സംഘടനയുടെ ബൈലോയിൽ പാർട്ട് - l l ൽ സെക്ഷൻ 3 ൽ " ഈ താത്കാലിക സ്റ്റേറ്റ് കമ്മിറ്റിക്ക് സംഘടനയുടെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുക,.... തുടങ്ങി നയപരമായ വിഷയങ്ങളിൽ തീരുമാനം എടുക്കാൻ അധികാരമുണ്ടായിരിക്കുന്നതല്ല. " എന്ന് സുവ്യക്തമായി പ്രതിപാദിച്ചിട്ടുള്ളതാണ്. ഇതൊക്കെ വിശദീകരിച്ചു മെമ്പർഷിപ്പ് നൽകി പിറ്റേന്ന് തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടുന്നത് കൊടിയ വഞ്ചനയല്ലാതെ മറ്റെന്താണ് ? രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തിരക്കിട്ട അണിയറ പ്രവർത്തനങ്ങളിലൂടെ താത്കാലിക സംസ്ഥാന കമ്മിറ്റി നേതാക്കൾ നടത്തുന്ന നഗ്നമായ ബൈലോ ലംഘനം, വേലി തന്നെ വിളവ് തിന്നുന്നതിന് സമാനമാണ്.
ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് അധികാര പങ്കാളിത്തം നേടിയത് സാങ്കേതികമായി സത്യമാണ്. യഥാർത്ഥത്തിൽ ഇവിടങ്ങളിൽ നമുക്ക് കേവല ഭൂരിപക്ഷം ഇല്ല എന്ന് മാത്രമല്ല, അവിടങ്ങളിലെ ഏറ്റവും കുറഞ്ഞ അംഗ സംഖ്യയും നമുക്കാണ്. കേരളം ഭരിച്ച ഇടത് - വലത് മുന്നണികളുടെ കൊള്ളരുതായ്മകളെ സമൂഹ മധ്യത്തിൽ തുറന്ന് കാണിക്കുന്ന നമ്മൾ, ഇതേ മുന്നണികളുടെ പിന്തുണയിൽ അവിടങ്ങളിൽ ഭരണം നടത്തുന്നത് എത്രത്തോളം ആശയപാപ്പരത്തമാണ്. ഭരണത്തിലേറിയ OIOP പ്രതിനിധികൾ വിജയാഹ്ലാദ ജാഥകളിൽ കഴുത്തിലണിഞ്ഞ ഹാരങ്ങൾക്ക് ഇടത് - വലത് മുന്നണികളുടെ ദുർഗന്ധമുണ്ടായിരുന്നു. അവിടങ്ങളിലെ OIOP ജനപ്രതിനിധികളെ നിയന്ത്രിക്കാൻ ഭരണഘടനാപരമായും നിയമപരമായും എന്ത് അധികാരമാണ് OIOPക്ക് പ്രയോഗിക്കാനാകുക ?
നിയമസഭാ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് സംഘടനാ നേതാക്കൾ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് 60 ശതമാനം വാർഡ് കമ്മിറ്റികളുള്ള മണ്ഡലങ്ങളിൽ മാത്രം മത്സരമെന്ന് പറഞ്ഞു. ഇത് പറയുമ്പോഴും 60 ശതമാനം നിയോജക മണ്ഡലം കമ്മിറ്റികൾ പോലും കേരളത്തിൽ OIOP ക്ക് ഇല്ല എന്നുള്ള സത്യം മനസ്സിലാക്കാൻ, കമ്മിറ്റികളുടെ സ്ഥിതി വിവരക്കണക്കുകൾ പോലും ജില്ലാ - സംസ്ഥാന കമ്മിറ്റികളുടെ പക്കലില്ല . എന്തിനേറെ നിലവിൽ ജില്ലാ കമ്മിറ്റിയില്ലാത്ത ജില്ല പോലും ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? 25 ശതമാനം പഞ്ചായത്ത് കമ്മിറ്റികൾ പോലും നമുക്കില്ല. വാർഡ് കമ്മിറ്റികൾ നാമമാത്രമാണ്. മാത്രവുമല്ല പഞ്ചായത്ത് - മുനിസിപ്പൽ - കോർപ്പറേഷൻ ബൂത്ത് അനുസരിച്ചല്ല നിയമസഭാ മണ്ഡലത്തിലെ ബൂത്തുകളും അതിർത്തികളും. അതിനനുസൃതമായി താഴെ തട്ടിൽ സംഘടനാ സംവിധാനം പുനക്രമീകരിക്കേണ്ടതുണ്ട്. ഇതൊന്നും ചെയ്യാൻ സാധിക്കാത്തത് " ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം " എന്ന അവസ്ഥ മൂലമാണ്. സംഘടനാ പ്രവർത്തകരായ നമുക്ക് മാത്രമറിയാവുന്ന ഈ രഹസ്യങ്ങൾ പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനേ ഈ തിരഞ്ഞെടുപ്പ് രംഗപ്രവേശം ഉപകരിക്കൂ. പോൾ ചെയ്യപ്പെടുന്ന വോട്ടിന്റെ രണ്ട് ശതമാനം പോലും ലഭിക്കാനുള്ള സംഘടനാ സംവിധാനങ്ങളോ ആൾബലമോ നമുക്കില്ലെന്ന് തിരിച്ചറിയാൻ കേരളത്തിന്റെ സാമൂഹ്യ പരിസരം അരിച്ചു പെറുക്കേണ്ടതൊന്നുമില്ല.
ഒരു MLA യെ പോലും ജയിപ്പിച്ചെടുക്കാൻ സാധിക്കാതെ വിഡ്ഢി വേഷം കെട്ടുന്നതെന്തിനാണ്? രാഷ്ട്രീയമില്ല എന്നതിനാൽത്തന്നെ പല രാഷ്ട്രീയപാർട്ടി അനുഭാവികളും സംഘടനയിൽ അംഗത്വമെടുത്തിട്ടുണ്ട്. അവർക്ക് മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നതിനേ വിമുഖതയുള്ളൂ. മത്സരം പിരിമുറുകുമ്പോൾ വോട്ട് പാഴാക്കാതെ അത്തരം OIOP അംഗങ്ങൾ അവരവരുടെ മുന്നണി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുമെന്നതും തള്ളിക്കളയാനാകില്ല.
ഇവിടെയാണ് പെൻഷനെക്കുറിച്ചുള്ള എന്റെ ടെൻഷൻ...
ഭരണാധികാരികൾക്ക് ഇച്ഛാ ശക്തിയുണ്ടെങ്കിൽ പതിനായിരം രൂപ തുല്യ പെൻഷൻ നടപ്പിലാക്കാൻ സാധിക്കുമെന്ന് നമുക്കറിയാം. ഇതിനായി എന്ത് ക്രിയാത്മക ചുവട് വെയ്പുകളാണ് ഇതിനകം സംഘടന നടത്തിയത്. ആകെ കൊട്ടി ഘോഷിക്കുന്നത് 140 MLA മാർക്കും നിവേദനം നൽകി എന്നുള്ളതാണ്. സ്വന്തം MLA ക്ക് നിവേദനം നൽകുക എന്നുള്ളത് നിയോജക മണ്ഡലത്തിൽ താമസിക്കുന്ന സംഘടനാ പ്രവർത്തകർക്ക് ഇത്ര ശ്രമകരമായ ജോലിയാണോ?
ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ MLA മാർ സ്ഥായിയായ പാർട്ടി വിധേയത്തം മുറുകെ പിടിക്കുന്നവരാണ്. PC ജോർജ് ഒഴികെയുള്ളവരാരും പാർട്ടി നിർദേശം ലഭിക്കാതെ, ഇത്തരത്തിലൊരു പെൻഷൻ പരിഷ്കരണ നയം നിയമസഭയിൽ അവതരിപ്പിക്കാൻ മുതിരില്ല എന്നത് തലയിൽ ആൾ പാർപ്പുള്ള ആർക്കുമറിയാവുന്നതാണ്. അത്കൊണ്ട് തന്നെ നിയമസഭാ പ്രാതിനിധ്യമുള്ള പാർട്ടി നേതൃത്വങ്ങളെ വിഷയം ധരിപ്പിക്കാൻ നമ്മുടെ നേതാക്കൾ ഇന്നേ വരെ തയ്യാറായിട്ടില്ല. മാത്രവുമല്ല ഈ MLA മാർക്കോ പോകട്ടെ, നമ്മുടെ പ്രാദേശിക നേതാക്കൾക്ക് പോലുമോ, ഭീമമായ പൊതുകടം പേറുന്ന സംസ്ഥാനത്ത് സാർവ്വത്രിക പെൻഷൻ പതിനായിരം എങ്ങനെ സാധിച്ചെടുക്കാം എന്നതിനെക്കുറിച്ച് വ്യക്തവും വിശദവുമായ പഠനമോ പദ്ധതിയോ നാം പ്രസിദ്ധീകരിച്ചു നൽകിയിട്ടില്ല. കേരള മുഖ്യമന്ത്രിയെ കാണാൻ സമയം തന്നെങ്കിലും ചെന്നപ്പോൾ കാണാൻ വിസമ്മതിച്ചു എന്ന് എങ്ങലടിക്കുന്ന സംസ്ഥാന നേതാക്കൾ, തിരിച്ചു പോരാതെ ക്ലിഫ് ഹൗസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു പോലീസ് നടപടി ക്ഷണിച്ചുവരുത്തണമായിരുന്നു. മാധ്യമ ശ്രദ്ധ നേടാൻ കഴിയുന്നില്ലെന്ന് വിലപിക്കുന്ന നമുക്ക് അതോടെ കാര്യങ്ങൾ ( ന്യൂസ് റിപ്പോർട്ട് ) അനുകൂലമായി ഭവിക്കുമായിരുന്നു.
നിലവിലെ പെൻഷൻ സമ്പ്രദായത്തിൽ ഇടപെടണമെങ്കിൽ അധികാര രാഷ്ട്രീയത്തിനേ കഴിയൂ എന്നുണ്ടെങ്കിൽ ഈ തിരിച്ചറിവ് എന്ത് കൊണ്ട് രൂപീകരണ സമയത്തുണ്ടായില്ല? വൈകി വന്ന വിവേകമാണെങ്കിൽ നിലവിൽ താരതമ്യേന നല്ലതും ഭേദപ്പെട്ടതുമായ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുമായി ചർച്ച നടത്തി അവരെക്കൊണ്ട് നമ്മുടെ മുഖ്യമുദ്രാവാക്യം ഏറ്റെടുപ്പിച്ചു സംഘടന ലയിപ്പിക്കലായിരുന്നു ബുദ്ധി. അഴിമതി രാഷ്ട്രീയമാണ് ന്യായം പറയുന്നതെങ്കിൽ, അധികാരം ലഭിക്കാത്ത പാർട്ടികൾക്കൊന്നും ഇവിടെ അഴിമതിക്കവസരമുണ്ടായിട്ടില്ല. നമ്മളെക്കുറിച്ചും അത്ര മാത്രമേ പൊതു ജനം പറയൂ. എന്തായാലും നമ്മളൊന്ന് മനസ്സിലാക്കിയേ മതിയാകൂ. ഇനിയുമൊരു പുതിയ രാഷ്ട്രീയ ഗർഭം താങ്ങാനും, അംഗ വൈകല്യമില്ലാത്ത അരോഗദൃഡഗാത്രനായ കുഞ്ഞിന് ജന്മം നൽകാനും കേരള ജനാധിപത്യത്തിന് ഒരു സിസേറിയൻ പോലും ഇനി പര്യാപ്തമാവില്ല.
ഈ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണിക്കഴിയുമ്പോൾ OIOP ഒരു ദയനീയ ചിത്രം കാഴ്ചവെയ്ക്കുമെന്നുറപ്പാണ്. ഇതു വരെ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം അതോടെ തകർന്നുവീഴും. ആരെയാണോ നമ്മൾ പേടിപ്പിക്കാൻ ഉദ്ദേശിച്ചത്, അവർക്കൊക്കെ നമ്മുടെ മസ്തകം പിളർക്കാൻ പിന്നെ അത്യധ്വാനം വേണ്ടി വരില്ല.
പ്രതിജനഭിന്നമായ ഭാരതത്തിൽ ഒരു രാഷ്ട്രീയ പാർട്ടി വിജയിപ്പിച്ചെടുക്കുക എന്നത് ശ്രമകര ദൗത്യമാണ്. അതിന് ആകർഷണീയ ആദർശത്തോടൊപ്പം കരുത്തുറ്റ നേതൃത്വവും ആവശ്യമാണ്. നെഹ്‌റുവും ഇന്ദിരയുമില്ലാത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതനവും നരേന്ദ്ര മോഡിയും അമിത് ഷായും നയിക്കുമ്പോൾ BJP യുടെ ഉത്ഥാനവും
മികച്ച ഉദാഹരണമാണ്. ഡൽഹിയും കേരളവും വിദ്യാഭ്യാസമ്പന്നമാണ്. മലയാളമനസ്സ് മഥിക്കാവുന്ന ആദർശബന്ധിത പ്രസ്ഥാനമായിട്ടുകൂടി ആം ആദ്മി കേരളത്തിൽ ക്ലച്ഛ് പിടിക്കാതെ പോയത് ഒരു അരവിന്ദ് കേജരിവാൾ ഇവിടെ ഇല്ലാതെ പോയതാണ്. ഈ തിരിച്ചറിവാണ് രാഷ്ട്രീയ രംഗപ്രവേശനത്തിന് മുതിരുമ്പോൾ OIOP നേതാക്കൾക്കുണ്ടാകേണ്ടത്. കിഴക്കമ്പലത്തെ ട്വന്റി - ട്വന്റി ആണ് ഇതിന് മറുപടിയായി പറയാനുള്ളതെങ്കിൽ, അവിടെ വാങ്ങുന്നതിലും കിട്ടുന്നതിലും സാബു " മുതലാളിയുടെ " കിറ്റെക്സ് കമ്പനിയുടെ കാലങ്ങളായുള്ള കരസ്പർശം അനുഭവഭേദ്യമാണ്.
പൊതു സമൂഹത്തിൽ പ്രസ്ഥാനപരിചയം സാധ്യമാകണമെങ്കിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമാണ് കരണീയമെന്ന് എത്തമിടുന്ന നമ്മുടെ നേതാക്കൾ യാഥാർഥ്യത്തിന് നേരെ കൊഞ്ഞനം കുത്തുകയാണ്. മത - സാമുദായിക സംഘടനകൾ, ഗ്രൂപ്പുകൾ, സഭകൾ, NSS, SNDP, വ്യാപാരി വ്യവസായി സംഘടനകൾ ഇവരൊക്കെ സംഘടനയെ പരിചയപ്പെടുത്തിയത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടല്ല, മറിച്ച് ഗൃഹ സമ്പർക്കം, പദയാത്ര, വാഹനജാഥ , പൊതുയോഗം, പ്രകടനം , സെമിനാർ, സിമ്പോസിയും, സമരപരിപാടികൾ, ലഘുലേഖ, വാർത്താസമ്മേളനം മുതലായ പരമ്പരാഗത രീതികൾ സ്വീകരിച്ചു കൊണ്ടാണ്. തന്നെയുമല്ല എല്ലാവരും തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ തിരഞ്ഞെടുപ്പ് പറയാതെ "തുല്യ പെൻഷൻ " എന്ന വേറിട്ട മുദ്രാവാക്യവുമായി പൊതു നിരത്തുകൾ കീഴടക്കാനും ജനഹൃദയങ്ങൾ കവരാനുമായിരുന്നു നാം മുതിരേണ്ടിയിരുന്നത്. ഒരു ഉത്തരവാദപ്പെട്ട OIOP പ്രവർത്തകനെന്ന നിലക്ക് ഇതൊക്കെ പറയാതെ എങ്ങിനെ " പോകും " ?
അടിത്തറ ഭദ്രമാക്കേണ്ട സമയത്ത് എടുത്തു ചാടി തിരഞ്ഞെടുപ്പിൽ ഇറങ്ങുമ്പോൾ കർപ്പൂരത്തിന്റെയും കുന്തിരിക്കത്തിന്റെയും മരണഗന്ധം OIOP യുടെ ചുറ്റിലും അനുഭവപ്പെടുന്നുണ്ട്. പഞ്ഞിയും പരുത്തിയും തയ്യാറാക്കി വെയ്ക്കാൻ ഇടയാകാതെ വരട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്. കോടതി പിരിഞ്ഞതിന് ശേഷം ലോ പോയിന്റ് ഓർമ്മപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ എന്ന് കരുതിയാണിങ്ങനെ....
നല്ലവരായ OIOP നേതാക്കൾ, സഹപ്രവർത്തകർ, കൂട്ടുകാർ ഉൾക്കൊള്ളുമെന്ന പ്രതീക്ഷയോടെ....
ജയ് തുല്യ നീതി തുല്യ പെൻഷൻ
കടപ്പാട് -:✍️ സമദ് പകര